About The Temple

ശാസ്താവിൻ്റെ പേരിൽ പ്രശസ്തമായ കിഴക്കൻ ഏറനാട്ടിലെ പ്രധാന ദേവീ ക്ഷേത്രമാണ് ചാത്തങ്ങോട്ടുപുറം (ശാസ്താവങ്ങോട്ടുപുറം) ശ്രീ തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രം. പേരു സൂചിപ്പിക്കുന്നത് പോലെ തന്നെ അങ്ങാടിപ്പുറം ശ്രീ തിരുമാന്ധാംകുന്ന് ഭഗവതി, പ്രായാധിക്യമുള്ള തൻ്റെ ഒരു ഭക്തന്റെ പ്രാർത്ഥനയിൽ സംപ്രീതയായി അദ്ദേഹത്തിൻ്റെ കാൽക്കുട (കാലുള്ള ഓലക്കുട) യിൽ എഴുന്നെള്ളി ചാത്തങ്ങോട്ടുപുറത്ത് വന്നതാണെന്നാണ് ഐതിഹ്യം. നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രത്തിലെ ചുറ്റുവിളക്ക്, കളംപാട്ട്, എന്നീ പ്രധാന ചടങ്ങുകളിൽ ഭഗവതി, നീണ്ട കാലുള്ള ഓലക്കുടയിൽ ഉറഞ്ഞുതുള്ളി ക്ഷേത്ര പ്രദക്ഷിണം നടത്തിക്കൊണ്ടും താലപ്പൊലി ദിവസം കുണ്ടട ശ്രീ മഹാ ശിവക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കൊണ്ടും ഭക്തരെ അനുഗ്രഹിക്കുകയും ഭക്തർക്ക് ദർശനം നൽകുകയും ചെയ്യുന്നു എന്നതാണ് ഈ ക്ഷേത്രത്തെ മറ്റു ക്ഷേത്രങ്ങളിൽ നിന്ന് വ്യത്യസ്ഥമാക്കുന്ന പ്രത്യേകത.

കിഴക്കൻ ഏറനാട്ടിലെ ഉത്സവങ്ങളുടെ പരിസമാപ്തി കുറിച്ചു കൊണ്ട് എല്ലാവർഷവും മേടമാസത്തിലെ അവസാനത്തെ ചൊവ്വാഴ്ച ഇവിടത്തെ താലപ്പൊലി നടക്കുന്നു. നാലു ദിവസങ്ങളിലായി കഥകളി, നൃത്തനൃത്യങ്ങൾ, തിരുവാതിരകളി തുടങ്ങിയ സ്റ്റേജ് പരിപാടികളോടും കുടവരവ്, പ്രസാദ ഊട്ട്, കുണ്ടട ശ്രീ മഹാ ശിവക്ഷേത്രത്തിലേക്കുള്ള എഴുന്നള്ളത്ത്, പൂതം കളി, കാളകളി, നായടിപ്പൂതം കളി തുടങ്ങിയ ആചാരാനുഷ്ടാനങ്ങളോടും കൂടി ഈ വർഷത്തെ താലപ്പൊലി ഉത്സവം ഈ വരുന്ന മെയ് പതിനാലിനാണ് നടക്കുന്നത്.